ഫേസ് ആഗോള ചാരിറ്റി അവാർഡ് സമ്മാനിച്ചു

ആഗോള തലത്തിൽ പ്രവർത്തിക്കുന്ന മികച്ച സാമൂഹ്യ പ്രവർത്തകന് ഫേസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രാജ്യാന്തര ചാരിറ്റി അവാർഡ്  അമേരിക്കയിലെ സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തകനായ ഡോ. ജേക്കബ് ഈപ്പന് സമ്മാനിച്ചു. പട്ടിണിക്കാരില്ലാത്ത കൊച്ചിയെന്ന ആശയവുമായി 2011 ൽ ജസ്റ്റിസ്.വി.ആർ കൃഷ്ണയ്യർ മുഖ്യ രക്ഷാധികാരിയായി പ്രവർത്തനം ആരംഭിച്ച ഫേസ് ഫൗണ്ടേഷൻ പതിമ്മൂന്നാം വാർഷികത്തോടനുബന്ധിച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ ഇന്ത്യ (സി എ ബി ഐ) ചെയർമാനും ബിസിസിഐയുടെ ഡിസേബിൾഡ് ക്രിക്കറ്റ് കമ്മിറ്റി അംഗവുമായ ഡോ. മഹന്തേഷ് ഗട്ടിവളപ്പ കിവദസന്നവർ പുരസ്‌കാരം സമ്മാനിച്ചു. ജസ്റ്റിസ്. പി.എൻ രവീന്ദ്രൻ അവാർഡ് ജേതാവിനെ ആദരിച്ചു.  ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്. 

പാഴ്‌ച്ചെലവുകൾ ഒഴിവാക്കി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കണമെന്ന് ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ ഡോ. മഹന്തേഷ് പറഞ്ഞു. ഒന്നിച്ചു നിന്നാൽ രാജ്യത്തെ കോടിക്കണക്കിനു ജനങ്ങളുടെ വിശപ്പകറ്റാൻ കഴിയുമെന്നും ബെംഗളൂരുവിലെ സമർത്ഥനം ട്രസ്റ്റ് സ്‌ഥാപക മാനേജിംഗ് ട്രസ്റ്റി കൂടിയായ മഹന്തേഷ് ചൂണ്ടിക്കാട്ടി. 

വഴിയോര കച്ചവടക്കാരെയും വീടുകളിൽ ഭക്ഷണം ഉണ്ടാക്കി വിറ്റഴിച്ച് ഉപജീവനം നടത്തുന്ന സാധാരണക്കാരെയും പ്രോത്സാഹിപ്പിക്കുന്ന സ്ട്രീറ്റ് ഫുഡ് വ്‌ളോഗർ അബ്ദുൾ ഹക്കീം, 25 വർഷമായി രോഗികളെ സൗജന്യമായി ചികിത്സിക്കുന്ന  ജവഹർ നഗർ സ്വദേശി ഡോ.ഗ്രേസ് തോമസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. വോയിസ് ഓഫ് ഫേസ് പ്രകാശനം ജസ്റ്റിസ്. പി.എൻ രവീന്ദ്രൻ നിർവഹിച്ചു. 

യു എസിലെ ബിസിനസ് സംരംഭകനായ സത്യജിത്ത് നായർ, തിരുവനന്തപുരം വിമാനത്താവളം  എയർ കസ്റ്റംസ് സൂപ്രണ്ട് വിവേക് വാസുദേവൻ നായർഎന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഫേസ് ഫൗണ്ടേഷൻ  പ്രസിഡന്റ് ടി.ആർ ദേവൻ, വൈസ് ചെയർമാൻ ഡോ: ടി. വിനയകുമാർ, സെക്രട്ടറി സി.ബി ഹരി, ജോയിന്റ് സെക്രട്ടറി അഡ്വ. കെ.എം സത്യനാഥ മേനോൻ, ട്രഷറർ ആർ. ഗിരീഷ് , നെഹ്‌റു ഗ്രൂപ്പ് കമ്യൂണിക്കേഷൻസ് മാനേജർ വി. സുരേഷ് കുമാർ, ഓഡിറ്റർ എ.എസ് രാജൻ എന്നിവർ പ്രസംഗിച്ചു. കേരള ബ്ലൈൻഡ് ക്രിക്കറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി രജനീഷ് ഹെൻറി, സി.ജി രാജഗോപാൽ, ഡോ.മേരി അനിത, കെ.വി ഷാജി, ഫേസ് ട്രസ്റ്റിമാരായ ലിസ്സി വര്ഗീസ്, സുഭാഷ് ആർ മേനോൻ, യു.എസ് കുട്ടി എന്നിവർ പങ്കെടുത്തു.